കാഠ്മണ്ഡു: നേപ്പാൾ തെരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷാ നേതൃത്വം നല്കുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) വൻ വിജയത്തിലേക്ക്. ജെൻ സി പ്രക്ഷോഭത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
ലീഡ് നില അറിവായ 144 മണ്ഡലങ്ങളിൽ ആർഎസ്പി 107 ൽ ലീഡ് നേടി. നേപ്പാളി കോൺഗ്രസ് 14 സീറ്റിലും സിപിഎൻ-യുഎംഎൽ പത്തിലും നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി ആറു സീറ്റിലും ലീഡ് നേടി. നേപ്പാൾ തെരഞ്ഞെടുപ്പ് ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു.
കാഠ്മണ്ഡു മേയറായിരുന്നു "ബാലൻ' എന്നറിയപ്പെടുന്ന ബാലേന്ദ്ര ഷാ. ഝാപ്പ-5 മണ്ഡലത്തിൽ ഇദ്ദേഹം വൻ ലീഡ് നേടി. നാലു തവണ പ്രധാനമന്ത്രിയായ കെ.പി. ശർമ ഒലിയെയാണ് ബാലേന്ദ്രയുടെ എതിരാളി.
കാഠ്മണ്ഡുവിലെ പത്തു മണ്ഡലങ്ങളിലും ആർഎസ്പിക്കാണു ലീഡ്. 2022ൽ രൂപവത്കരിച്ചതാണ് ആർഎസ്പി. മുൻ റാപ്പറായ ബാലേന്ദ്ര ഷായെ പ്രധാനമന്ത്രിസ്ഥാനാർഥിയാക്കിയാണ് ആർഎസ്പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനുവരിയിലാണ് ബാലേന്ദ്ര ഷാ (35) ആർഎസ്പിയിൽ ചേർന്നത്.
തുടർന്ന് അദ്ദേഹത്തെ പ്രധാനമന്ത്രിസ്ഥാനാർഥിയായി ആർഎസ്പി പ്രഖ്യാപിച്ചു.
വ്യാഴാഴ്ച രാത്രിയാണ് വോട്ടെണ്ണൽ ആരംഭിച്ചത് . പാർലമെന്റിൽ 275 സീറ്റാണുള്ളത്. 165 പേരെ നേരിട്ട് തെരഞ്ഞെടുക്കുന്നു. 110 അംഗങ്ങളെ ആനുപാതിക വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ എട്ട്, ഒന്പത് തീയതികളിലുണ്ടായ ജെൻ സി പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലിക്ക് രാജിവയ്ക്കേണ്ടി വന്നു. തുടർന്ന് സെപ്റ്റംബർ 12ന് പ്രസിഡന്റ് രാമചന്ദ്ര പൗഡേൽ പാർലമെന്റ് പിരിച്ചുവിട്ടു. സുശീല കർക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. ബാലേന്ദ്ര ഷായെ ജെൻസി ഇടക്കാല പ്രധാനമന്ത്രിയാകാൻ പരിഗണിച്ചിരുന്നു. എന്നാൽ, ഇടക്കാല സർക്കാരിനെ നയിക്കാൻ താത്പര്യമില്ലെന്ന് ബാലൻ അറിയിച്ചു.
രാഷ്ട്രീയ അസ്ഥിരതയുള്ള നേപ്പാളിൽ കഴിഞ്ഞ 18 വർഷത്തിനിടെ 14 സർക്കാരുകൾ അധികാരത്തിലെത്തി.